
ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ പരിപാടി സംഘടിപ്പിക്കണമെന്ന ശശി തരൂർ എം.പിയുടെ നിർദ്ദേശത്തിന്മേൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ കൗതുകകരമായ പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. പരിപാടി സംഘടിപ്പിച്ചാൽ തരൂർ നേരിട്ടെത്തുമോ അതോ എക്സിലോ (ട്വിറ്റർ) പത്രലേഖനങ്ങളിലോ മാത്രമാണോ കാണുകയെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഖാർഗെയുടെ മറുപടി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഈ രസകരമായ സംഭവമുണ്ടായത്.
ഉത്തരാഖണ്ഡിൽ ഖാർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച വിവാദത്തിൽ തരൂർ പ്രതികരിക്കാത്തതിൽ ഖാർഗെ മുമ്പ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ പരാമർശമെന്നാണ് സൂചന.
കോൺഗ്രസിന്റെ പ്രധാന 5 ആവശ്യങ്ങൾ
പ്രവർത്തകസമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന അഞ്ച് സുപ്രധാന ആവശ്യങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചു:
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കമ്മീഷൻ തീരുമാനങ്ങൾ പരസ്യമാക്കുക.
പേര് നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് അപ്പീൽ നൽകാൻ അവസരം നൽകുക.
രാഷ്ട്രീയ പാർട്ടികൾക്ക് ലളിതമായ ഫോർമാറ്റിലുള്ള വോട്ടർ പട്ടിക ലഭ്യമാക്കുക.
ഗുരുതരമായ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തുക.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യമാക്കുക.










